Monday, February 15, 2016

ചെടിച്ചട്ടിയിലെ കുടിയേറ്റക്കാരി..!

ചെടികളും മറ്റും അനിയത്തിമാര്‍ ഏറ്റെടുത്തതോടെ ഞാനതൊക്കെ പറ്റെ ഉപേക്ഷിച്ച മട്ടായി.
പിന്നെ നീണ്ട ഗള്‍ഫ് വാസം മതിയാക്കി നാട്ടിലേക്കൊരു പറിച്ചു നടല്‍.നാട്ടില്‍ സെറ്റിലായി സ്വന്തം വീടും മുറ്റവുമൊക്കെ ആയപ്പോള്‍
പഴയ ഇഷ്ടങ്ങള്‍ വീണ്ടും തലപൊക്കിത്തുടങ്ങി.
നെഴ്സറികളായ നെഴ്സറികളൊക്കെ കേറി നിരങ്ങലായിരുന്നു പ്രധാന ഹോബി.
കണ്ണില്‍ കണ്ട ചെടികളൊക്കെ വാങ്ങി ക്കൂട്ടി.
ചെടിക്കച്ചവടക്കാരുടെ പറ്റിക്കലുകള്‍ക്കൊക്കെ ഒരു പാട് തവണ ഇരയായി.
മൂന്നുതരം പൂവിരിയും എന്നൊക്കെ പറഞ്ഞു എന്നെ പറ്റിച്ചു നല്‍കിയ ചെടിയില്‍
ഒരു പൂ പോലും കാലമിത്ര ആയിട്ടും വിരിഞ്ഞു കണ്ടില്ല.

കുറെ നട്ടു മുളപ്പിച്ചു.നനച്ചു വളര്‍ത്തി,ആനന്ദം കൊണ്ടു.
അറിയാതെങ്ങാനും വല്ല കാന്താരിയും ചെടിച്ചട്ടിയിലെങ്ങാനും
വീണു മുളച്ചത് കണ്ടാല്‍ നിര്‍ദാക്ഷിണ്യം പറിച്ചെറിയാന്‍
ഒരു മടിയുമില്ലാത്തൊരു കാലം.
അങ്ങാടിയില്‍ നിന്നും വിഷമയ പച്ചക്കറികള്‍ വലിയ കാശു കൊടുത്തു
വാങ്ങുമ്പോഴൊക്കെയും  എന്‍റെ ഉള്ളില്‍ പൂക്കള്‍ മാത്രം പുഞ്ചിരിച്ച് നിന്നു.
ഒരിക്കല്‍പോലും ഒരു തക്കാളിയോ മുളകോ
സ്വപ്നത്തില്‍ പോലും എത്തിനോക്കിയില്ല.
ഇടയ്ക്കു ഉപ്പ വരുമ്പോഴൊക്കെ പറയും.ഏതായാലും നട്ട് നനക്കുന്നുണ്ട്.
ഇക്കൂട്ടത്തില്‍ കുറച്ചു കായ്ക്കറികൂടി ഉണ്ടാക്കിക്കൂടെ നിനക്കെന്നു.
അപ്പോഴൊക്കെ പണ്ട് എന്‍റെ ഹൃദയത്തെ കീറിമുറിച്ച
ആ അറുംകൊലയെ കുറിച്ച് ഞാന്‍ ഓര്‍ക്കും.
പിന്നെ ചിരിയും വരും.
എന്നാലും പച്ചക്കറി നടാനൊന്നും മിനക്കെട്ടില്ല.

കാലങ്ങള്‍ മാറി മറിയുമ്പോള്‍ ചിന്തകളും അഭിരുചികളും മാറുന്നു.
പ്രായത്തിന്റെ പക്വതയില്‍ ചില നിമിത്തങ്ങള്‍
നമ്മെ കൊണ്ട് ചെയ്യിക്കുന്ന ചില കാര്യങ്ങളുണ്ട്.
അതിലൊന്നായി എനിക്കും വെളിപാടുണ്ടായി.
വല്ലതും നട്ട് നനച്ചുണ്ടാക്കി അങ്ങാടിയിലെ വിഷം വാങ്ങിത്തിന്നാതിരിക്കാന്‍
എന്‍റെ മനസ്സും എന്നോട് പറഞ്ഞു തുടങ്ങി.
ഭര്‍ത്താവിന്റെ ഉത്സാഹത്തില്‍ പങ്കു ചേര്‍ന്ന് ഞാനും വിത്തുകള്‍ പാകിത്തുടങ്ങി.
വിജയം വളരെ വിരളമായിരുന്നു.അതിപ്പോഴും അങ്ങനെ തന്നെ.

കഴിഞ്ഞ മാസമാണ് ചെടിച്ചട്ടിയിലെ ഈ കുടിയേറ്റക്കാരിയെ ഞാന്‍ കണ്ടത്.
നല്ല തള്ളിപ്പുളച്ച വളര്‍ച്ച.
എന്‍റെ അഡിനിയം ചെടിയുടെ തോളുരുമ്മിക്കൊണ്ട്.
ഒരു പാട് കാശ് കൊടുത്ത് വാങ്ങിയ ചെടിയാണ്.
ഇവള്‍ അതിനെ പാതാളത്തിലേക്ക് പറഞ്ഞയക്കുമോ..
പണ്ടായിരുന്നെങ്കില്‍ പറിച്ചെറിഞ്ഞേനേ ഞാന്‍.
ഇവളെയങ്ങു പറിച്ചു നട്ടാലോ..യ്യോ വേണ്ട.
മനസ്സ് പറയുന്നു,
പിറന്ന മണ്ണ്  വിട്ടു പോകാന്‍ ആര്‍ക്കെങ്കിലും ഇഷ്ടം കാണുമോ.
എന്തായാലും അവിടെ നില്‍ക്കട്ടെ,

എന്‍റെ അഡിനിയം മൊട്ടിടാനുള്ള തെയ്യാറെടുപ്പിലാ.
അതിന്റെ മേലൊന്നും വീണു വേദനിപ്പിക്കല്ലേ തക്കാളിപ്പെണ്ണേ..
നിനക്ക് വീഴാനും പടരാനും താങ്ങായി ഞാന്‍ നല്ലൊരു കമ്പ് കുത്തിത്തരാം കെട്ടോ..
അവളെ പറഞ്ഞു മനസ്സിലാക്കി.
അവള്‍ അനുസരണയോടെ തന്നെ വളര്‍ന്നു.ഉയരത്തില്‍ അവള്‍ കേമിയായെങ്കിലും
ഒരു പൂ പോലും അവളായിട്ടു തട്ടി വീഴ്ത്തിയില്ല.
രണ്ടാളുംരേമനസ്സോടെവളരുന്നു.
ചെറിത്തക്കാളിക്കുഞ്ഞുങ്ങള്‍ സുന്ദരിപ്പൂക്കളോട് കിന്നാരം പറയുന്നത് കണ്ടില്ലേ..
നമ്മളില്‍ ആര്‍ക്കാ കൂടുതല്‍ ഭംഗി എന്നാകുമോ അവര്‍ പരസ്പരം പറയുന്നത്...

4 comments:

  1. കൃഷി ചെയ്യുന്ന എല്ലാവരും കുടിയേറ്റക്കാരെ ഒരുപാടു കണ്ടുമുട്ടാറുണ്ടാകും,കുറെ പേരെ പുറം തള്ളുകയും,അതിനെ പറ്റി ഇത്ര നർമരസം കലർത്തി അവതരിപ്പിക്കാൻ സാധിച്ചത് അഭിനന്ദനാർഹം തന്നെ....

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കൊള്ളാം.തമാശ കലർത്തിപ്പറഞ്ഞത്‌ രസമായി.

    ReplyDelete

അഭിപ്രായം പറയാം...