Monday, February 15, 2016

ചെടിച്ചട്ടിയിലെ കുടിയേറ്റ കഥ!.ഒരാമുഖം.പണ്ടു പണ്ട്...കത്തിനില്‍ക്കുന്നൊരുവേനല്‍ക്കാലം.
എന്‍റെകയ്യില്‍കുറച്ചുസീനിയവിത്തുകള്‍കിട്ടി.
വളരെ നാളത്തെ ആഗ്രഹങ്ങള്‍ക്കൊടുവിലാണ് ഒരു കൂട്ടുകാരി വഴി
എനിക്കാവിത്തുകള്‍ കിട്ടുന്നത്.
അതെവിടെ പാകി മുളപ്പിക്കും.മുളച്ചത് പറിച്ചു നടുന്നതെവിടെ.
എന്നൊക്കെ ചിന്തിച്ചു എന്‍റെ ഉറക്കംപോലും നഷ്ടപ്പെട്ടു.
ഇതിലെന്താണിപ്പോ ഇത്ര ചേനക്കാര്യം എന്ന് നിങ്ങള്‍ക്കു തൊന്നും.
പക്ഷെ കാര്യമുണ്ട്.
ഒരു ചെടിക്കമ്പു കുത്തുന്നത് കാണുമ്പോഴേ എന്‍റെ വല്യുമ്മ അവിടെയെത്തും.
വല്ല മൊളകോ തക്കാള്യോ കുയ്ച്ചിട്ടൂടെ പെണ്ണേ ന്നും പറഞ്ഞ്.
പിന്നെയൊരു കെണി കോഴികളാണ്,
നനഞ്ഞ മണ്ണ് കണ്ടാല്‍ പിന്നെ ഒക്കെക്കൂടി അവിടെ ബ്രേക്ക് ഡാന്‍സ്കളിക്കും.
ചുരുക്കി പറഞ്ഞാല്‍  അന്ന് മുതലാണ് പച്ചക്കറി കൃഷിയോടും കോഴികളോടും
എന്നിലൊരു വൈരാഗ്യം ഉടലെടുത്തത്.
ആയിടക്കാണ്  സ്കൂള്‍ പരിസരത്ത് ഒരാള്‍ പ്രത്യക്ഷപ്പെട്ടത്.
മക്കയും മദീനയും പിന്നൊരുപാടു പടങ്ങളും കാണിക്കുന്ന 
ഒരത്ഭുത കേമറയുമായി ഒരാള്‍.
പത്തു പൈസ തുട്ടുമായി ഞങ്ങള്‍ കുട്ടികള്‍ അയാള്‍ക്കരികില്‍ വരി നിന്നു.
എന്‍റെ ഊഴം അടുക്കും തോറും എന്‍റെ നെഞ്ചിടിപ്പ് കൂടി.
കണ്ടവരാകട്ടെ കണ്ണ് തിരുമ്മി ഞങ്ങളുടെ മുമ്പില്‍ ഞെളിഞ്ഞങ്ങനെ നില്‍ക്കുന്നു.
മക്കയും മദീനയും ഹജ്ജുയാത്രകളും കടന്നു എന്‍റെ കാഴ്ച എത്തി നില്‍ക്കുന്നത് 
പൂക്കളുടെ ഒരു മഹാ ലോകത്ത്.
നിറങ്ങളുടെ പറുദീസ തീര്‍ത്ത് അതെന്നെയൊരു സ്വപ്ന ലോകത്തെത്തിച്ചു.
തുലിപ് പൂക്കളുടെ പറുദീസ!
തുലിപ്പ് പൂക്കള്‍ എന്ന് ഞാനൊ മറ്റാരെങ്കിലുമോ അന്ന് കേട്ടതായി എനിക്കറിവില്ല.
പിന്നീടുള്ള എന്‍റെ സ്വപ്നങ്ങളില്‍ പൂക്കള്‍ ചിരിക്കുന്ന  താഴ്വാരങ്ങള്‍ നൃത്തം ചവിട്ടി.
ഒരു ദിവസം എന്‍റെ കയ്യിലെ സീനിയ വിത്തുകള്‍ ആ സ്വപ്നക്കാഴ്ചയില്‍ വീണു വിരിഞ്ഞു.
ഞാന്‍ കണ്ട തുലിപ് പൂക്കളുടെ താഴ്വാരം പോലെ.
പിറ്റേന്ന് തന്നെ മുറ്റത്തിന്റെ അരികിലായി ഞാന്‍ കുറച്ചു സ്ഥലം കണ്ടു വെച്ചു.
ഉള്ളതില്‍ വെച്ച് ചെറിയൊരു കൈക്കോട്ടും കൈക്കലാക്കി കിളക്കാനും  തുടങ്ങി.
ഉറച്ച മണ്ണില്‍ എന്‍റെ കിളകള്‍ ഒരു പോറല്‍ പോലും ഏല്‍പ്പിച്ചില്ല.
ഇതികര്‍ത്തവ്യഥാമൂഢയായി ഞാന്‍ നിന്നു.
തോറ്റ്പിന്മാറാന്‍ ഞാനൊരുക്കമല്ലായിരുന്നു.
രണ്ടുമൂന്നു ബക്കെറ്റ് വെള്ളം ഒഴിച്ചു മണ്ണിനെ ഇളക്കാന്‍ നോക്കി.
മുകളിലെ മണ്ണ് അല്‍പ്പം നീങ്ങിയതൊഴിചാല്‍ ഫലം തഥൈവ.
ഇത് കണ്ടു ചിലരൊക്കെ ഊറിച്ചിരിക്കുന്നതും പിറുപിറുക്കുന്നതും 
കണ്ടില്ലാന്നു നടിച്ചങ്ങനെ നില്‍ക്കുമ്പോഴാണ് ഞങ്ങളുടെ കാര്യസ്ഥന്‍ 
അയമുട്ടികാക്ക സഹായ ഹസ്തവുമായി വരുന്നത്.
കോലുകൊണ്ട് ദീര്‍ഘ ചതുരാകൃതിയില്‍ ഞാന്‍ വരച്ചിട്ട സ്ഥലത്തെ മണ്ണ് 
എത്ര ലാഘവത്തോടെ യാണ് മൂപ്പര്‍ കിളച്ചു മറിച്ചത്.
മണ്ണൊരുങ്ങിയതും എന്‍റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു മുളച്ചു.
ചെറിയ കോലുകൊണ്ട് ചാലുകള്‍തീര്‍ത്തു സീനിയ വിത്തുകള്‍ നിശ്ചിത അകലത്തില്‍ പാകി.
രാവിലെയും വൈകിട്ടും വെള്ളം നനച്ചു.
മുട്ടുകുത്തി നിവരുന്ന സീനിയ ചെടികളെ കോഴികളില്‍ നിന്നും
രക്ഷിച്ചെടുക്കാന്‍ പെട്ട പാട് ചില്ലറയൊന്നുമല്ല.
അങ്ങനെ എന്‍റെ സീനിയ ചെടികള്‍ വളര്‍ന്നു,മൊട്ടിട്ടു.
പല നിറത്തിലുള്ള പൂക്കളുമായി നിന്നു പുഞ്ചിരിപൊഴിച്ചു.

ഒരു സ്ഥലത്ത് ഒരേ പോലുള്ള ചെടികള്‍  നടുന്ന സ്വഭാവം അന്നൊക്കെ 
ടൂര്‍ പോകുമ്പോള്‍ പാര്‍ക്കുകളില്‍ മാത്രം കാണുന്ന കാഴ്ചയാണ്.
നിറഞ്ഞു നില്‍ക്കുന്ന പൂക്കാഴ്ച കാണാന്‍ ഗേറ്റിനുമുകളിലൂടെ 
ആളുകള്‍ എത്തി നോക്കുന്നതു കാണുമ്പോള്‍
ഗമ മൂത്ത് ഞാന്‍ ഞെളിഞ്ഞു നില്‍ക്കും.

വിത്തെടുത്തു വെച്ച് പാകലും മുളപ്പിക്കലുമായി
രണ്ടു മൂന്നു വര്ഷം കൂടി എന്‍റെ പൂകൃഷി തുടര്‍ന്നു.
ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആ അറുംകൊല നടക്കുന്നത്.
എന്‍റെ കല്യാണമാണെന്ന് ചിലരൊക്കെ പറഞ്ഞു ഞാനറിഞ്ഞ ദിനങ്ങള്‍!!
അതൊന്നും കാര്യമാക്കാതെ ഞാനെന്‍റെ പൂകളോട് കിന്നാരം പറഞ്ഞു നടന്നു.
പെട്ടന്നൊരു ദിവസം കുറച്ചു പേര്‍ വന്നു ഉപ്പാനോട് എന്തോ ചോദിക്കുന്നു
ഉപ്പ തലയാട്ടുന്നു,
അവര്‍ എന്‍റെ സീനിയ ചെടികളെ വെട്ടി മാറ്റുന്നു.

എത്ര പെട്ടെന്നാണ് എന്‍റെ സ്വപ്നങ്ങള്‍ക്ക് മുറിവേറ്റത്.
ചങ്ക് പിളരുന്നപോലെ തോന്നി എനിക്ക്.
കണ്ണുകള്‍ നിറഞ്ഞോഴുകി.
ഞാന്‍ വല്യുംമാന്റെ അടുത്തേക്കോടി.
"അപ്പളും പറഞ്ഞിലെ ഞാനാ മിറ്റം മുയ്മനും കെളെച്ചു നാസാക്കണ്ടാന്നു.
വല്ല മൊളകോ തക്കാള്യോ ഒരരൂലെങ്ങാനും കുയ്ച്ചിട്ടീനെങ്കി
ഇപ്പൊ എത്തര നന്നായിനും.
അന്റെ പുഗ്ഗും ചെടീം പ്പോ ന്തായി.
പന്തലിടാന്‍ സ്ഥലം മാണ്ടേ പെണ്ണേ.
അന്റെ കല്യാണല്ലേ..ഈ കുട്ടിന്റൊരുകാര്യം."
വല്യുമ്മയും കൈ മലര്‍ത്തി.

കാലം അതായിരുന്നു.എതിര്‍പ്പുകള്‍ക്ക് സ്ഥാനമില്ല.
അതിനുള്ളധൈര്യവും വിവേകവും അന്നത്തെകുട്ടികള്‍ക്കില്ല.
അനുസരിക്കലും വഴങ്ങലും മാത്രം.

പിന്നീടെന്റെ സ്വപ്നങ്ങളില്‍ തുലിപ് പൂക്കളുടെ താഴ്വാരങ്ങളോ..
എന്‍റെ മുറ്റത്തെ പൂ വസന്തമോ കടന്നു വന്നില്ല.
എന്‍റെ സീനിയക്കാലം അവിടെ അവസാനിച്ചു,
എന്‍റെ ജീവിതത്തിലെ പൂക്കാലവും.
*
*
*
*
*
*
*
*
അനുഭവം സാക്ഷി!
*
*
*
വാലും തലയും:
______________
ചെടിച്ചട്ടിയിലെ ഒരു കുടിയേറ്റത്തെ കുറിച്ചാണ് എഴുതാന്‍ വന്നത്,
പക്ഷെ അതിനൊരു മുഖവുരയാണ് ഉണ്ടായിത്തീര്‍ന്നത്.
അപ്പോള്‍ കുടിയേറ്റ കഥ അടുത്ത ഭാഗം.
തുടരും...

9 comments:

 1. എഴുതാനിരുന്നത് ഒന്ന്.എഴുതിയത് മറ്റൊന്ന്.

  ReplyDelete
  Replies
  1. ഇനിയിപ്പൊ സീനിയ വേണോ ? ഇന്നു അടുക്കളത്തോട്ടം വിത്ത് ബാങ്കിലേക്ക് തിര്രുരില്‍ നിന്നു ഉമ്മു ഹബീബ അയച്ച കൂട്ടത്തില്‍ സീനിയ വിത്തുകളുമുണ്ട്.

   Delete
 2. അസ്സല്‍ നല്ലെഴുത്ത് .....

  ReplyDelete
 3. നന്നായി അവതരിപ്പിച്ചു....ഞാനടക്കം മിക്കവാറും പെൺകുട്ടികളുടെ സ്വപ്നങ്ങൾ തകരുന്നത് കല്യാണത്തോടൊപ്പം തന്നെ.പരീക്ഷ കഴിഞ്ഞു ചെയ്യാം എന്ന് കരുതി സൂക്ഷിച്ചു വെച്ചിരുന്ന ഉണങ്ങിയ കമ്പുകളും,പൂക്കളും,ഇപ്പോഴും എന്റെ ശേഖരത്തിൽ പൊടിപിടിച്ചു കിടക്കുന്നു....പക്ഷെ ,നമ്മൾ മറ്റുപലതും നേടിയില്ലേ?നിഷേധിക്കുവാൻ പറ്റാത്ത ചിലത്... പേരക്കുട്ടികളുടെ പടങ്ങൾ മാറി മാറി ഇടാൻ നമുക്കവസരങ്ങൾ കിട്ടുന്നത്...അതല്ലേ ജീവിതം....ഒരിക്കലും ലക്ഷ്യത്തിലെത്താതെ.....വഴിമാറി പോകുന്നത്.....  ReplyDelete
 4. This comment has been removed by a blog administrator.

  ReplyDelete
 5. ഈ തുടർ പരമ്പര ഇപ്പോഴും ഉണ്ട് അല്ലെ?

  ReplyDelete

അഭിപ്രായം പറയാം...