Monday, March 21, 2016

മൂര്‍ക്കനും മുട്ടയും പിന്നെ ചേരയും...

കീടബാധകൊണ്ട് പൊറുതിമുട്ടി..പുതിയതൊന്നും നടാതെ പഴയതൊക്കെ
നനച്ചും നോക്കിയും നടക്കുകയാണിപ്പോള്‍.
മനസ്സിലാണെങ്കില്‍ മറ്റൊരു സ്വപ്നം വളര്‍ന്നങ്ങനെ വലുതായിക്കൊണ്ടിരിക്കുന്നു.
മറ്റൊന്നുമല്ല ഒരു അക്വോപോണിക് സ്വപ്നം.
ചെടികളുംമീനുകളുംപരസ്പരപൂരകങ്ങളായി ജലാശയ ചാരുതയില്‍
അഭിരമിക്കുന്ന ചെറുതല്ലാത്ത ഒരു അക്വോപോണിക് തോട്ടം.
അധികം വൈകാതെ യാഥാര്‍ഥ്യമാക്കണം.
അതുവരെ ഉള്ള കോഴികളെയും മുളക് ചെടികളെയും ഒക്കെ പരിപാലിച്ചു മുന്നോട്ടു പോകുന്നു.

പഞ്ചായത്തില്‍നിന്നും കിട്ടിയ പത്തു കോഴിക്കുഞ്ഞുങ്ങളില്‍
ഒരെണ്ണത്തിനെ പെരുമ്പാമ്പ്‌ വിഴുങ്ങി.
ബാക്കി ഒമ്പതെണ്ണത്തില്‍  ഒരൊറ്റ‍ പൂവനും.
ഇവര്‍ക്കെല്ലാര്‍ക്കും കൂടി കാവലായി,
ഉള്ള നേരമൊക്കെയും തൊള്ളകൂട്ടാതെ ഒച്ചപ്പാടും
ബഹളവുമായി  മൂന്നു ഗിനിക്കോഴികളും.
ഒരാഴ്ചമുമ്പാണ് കൂട്ടത്തില്‍ ചിലര്‍ മുട്ടയിട്ടു തുടങ്ങിയത്.
രണ്ടു ദിവസം മുട്ട കിട്ടി.മൂന്നാം ദിവസം മുട്ടയില്ല .
എങ്കില്‍ പിന്നെ നോക്കിയിട്ട് തന്നെ കാര്യം.
നാലാം നാള്‍ മുട്ടയിട്ട് കോഴി കൊക്കിപ്പാറുന്നതും
കാത്ത് ഞാനും *സെലിയും ജാഗരൂഗരായി,
മുട്ടക്കള്ളനെ പിടികൂടണമല്ലോ.
കോഴി ശബ്ധമുണ്ടാക്കിയതും രണ്ടുപേര്‍ കോഴിക്കൂടിനു നേരേ.
ഒന്ന് സെലി,മറ്റേത്  ഞാനല്ല,,അസ്സല്‍ ഒരു മൂര്‍ക്കന്‍ പാമ്പ്‌ !
മൂര്‍ക്കന്‍ കൂട്ടിലേക്കും സെലി തിരിഞ്ഞും ഓടി.
ആളും പാളും കൂടി,വടിയും കല്ലും പ്രയോഗിച്ചു.
ആളെ ഉടന്‍ തന്നെ ശെരിപ്പെടുത്തി ഒരു തീരുമാനമാക്കി.
അഞ്ചാം നാള്‍ മുഴുവന്‍ മുട്ടയും സ്വപ്നം കണ്ട് കൂട്ടില്‍ നോക്കിയ സെലി പ്ലിംഗ്.
കണ്ടുനിന്ന ഞാന്‍ പ്ലിംഗ് പ്ലിംഗ്.
വീണ്ടും മുട്ടക്കള്ളന്‍..!
പക്ഷെ അതാര്?
അകത്തിരുന്നു കുറെ ചിന്തിച്ചു.ഒരെത്തും പിടിയും കിട്ടുന്നില്ല.
ചിന്തകള്‍ക്ക് അല്‍പ്പം വെളിച്ചം കിട്ടട്ടെ എന്ന് കരുതിയാണ് വര്‍ക്കെരിയയിലേക്ക് ഇറങ്ങിയത്.
ഗ്രില്ലിനടുത്തു നിന്നു ചിന്തിച്ചാല്‍ നല്ല കാറ്റും കിട്ടും.
ഇഴ വര്‍ഗ്ഗത്തില്‍ പെട്ട ചെറുതും വലുതുമായ എല്ലാറ്റിനെയും കാണുന്നത് പോലും പേടിയുള്ള എന്‍റെ തൊട്ടു മുന്നില്‍ ഒരു മുട്ടന്‍ ചേര!
ഗ്രില്ലില്‍ തൂങ്ങിയാടി രസിക്കുകയാണ്.വയറ്റില്‍ എത്ര മുട്ടകളുന്ടെന്നു ആര്‍ക്കറിയാം.
പിന്നെ ആ പരിസരത്തൊന്നും എന്നെ ഞാന്‍ പോലും കണ്ടില്ല.

പണ്ടേ ഉള്ളതാണ് മൂപ്പരിവിടെ.അവിടേം ഇവിടേം ഒക്കെ ഇടയ്ക്കിടെ കാണും.
ചേരയല്ലേ..പാവം കൊല്ലണ്ട എന്ന മട്ടില്‍ വിട്ടുകളയും.
ഇപ്പോള്‍ ആളുടെ തനി നിറം കണ്ട് ഞങ്ങള്‍ പകച്ചു നിന്നു.
ആണുങ്ങളായിപ്പടച്ച ഒരാളും വീട്ടിലില്ല.
പിറ്റേന്നും മുട്ട കിട്ടീല.കള്ളന്‍ തൊട്ടടുത്തുള്ള മരത്തില്‍ കേറിയിരിക്കുന്നു.
വര്‍ക്കെരിയയില്‍ തട്ടി നില്‍ക്കുന്ന കൊമ്പിലൂടെ ആവണം തലേദിവസം ആള് കേറി വന്നത്.
പിന്നെ താമസിച്ചില്ല.തറവാട്ടില്‍ പണിയെടുക്കാന്‍ വന്ന രണ്ടാളെ വിളിച്ചു വീടിനോട് ചാരിയുള്ള കൊമ്പുകളെല്ലാം വെട്ടിയിടീച്ചു.
പെണ്ണുങ്ങളെ കണ്ടാല്‍ ചേര പോകൂല്ല.
വീട്ടില്‍ ആണുങ്ങള്‍ ഇല്ലെങ്കില്‍ ചേര പെണ്ണുങ്ങളെ നോക്കി പരിസരത്ത് തന്നെയുണ്ടാകും.പണിക്കാരുടെ ഡയലോഗ് കെട്ടു പാവം *സെലി മിഴിച്ചു നില്‍ക്കുന്നു.
പെണ്ണുങ്ങളെ പ്രേമിച്ചു ശരീരത്തില്‍ ചുറ്റുന്ന ചേരകള്‍ വരെയുണ്ട്
എന്നുകൂടി കേട്ടപ്പോള്‍ അവളുടെ അവസ്ഥ പറയൂം വേണ്ട.

പിറ്റേ  ദിവസം.
കഴുകിയ ഗോതമ്പ് മുറ്റത്ത് പരത്താന്‍ പോയ സെലിയുടെ ഉച്ചത്തിലുള്ള വിളി കേട്ടു ഓടിച്ചെന്നപ്പോള്‍ കണ്ട കാഴ്ച്ച!!
ലവ് ബേര്‍ഡ്സിന്‍റെ  കൂട്ടില്‍ ആകെ ബഹളം.
കൂട്ടിനകത്തു വീര ശൂര പരാക്രമി  ചേര വീരന്‍!
രണ്ടു കുഞ്ഞുമക്കളെ അകത്താക്കി പുറത്തു പോകാന്‍ കഴിയാതെ..ഇഴയുന്നു.
തൊട്ടപ്പുറത്ത് പണിയെടുക്കുന്ന പെയിന്റിംഗ് തൊഴിലാളികളെ വിളിച്ചു.
അത് ചേരയാ പോയിക്കോളും എന്നും പറഞ്ഞു തിരിഞ്ഞു നടന്ന
അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.
ഉപകാരത്തേക്കാള്‍ കൂടുതല്‍ ഉപദ്രവമായ അതിനെ കൊന്നു തരണമെന്ന് അപേക്ഷിച്ചു.
ആദ്യത്തെ അടിയില്‍ തന്നെ വിഴുങ്ങിയ രണ്ട് കിളിക്കുഞ്ഞുങ്ങളും പുറത്തെത്തി.
പാവം തള്ളക്കിളി കലപിലാ കരഞ്ഞുകൊണ്ട് കൂട്ടിനകത്ത് ബഹളം വെച്ചു.
അന്ന് മുതല്‍ മുട്ട കിട്ടിത്തുടങ്ങി.പക്ഷെ അപ്പോഴേക്കും കാക്കകള്‍ പണിയേറ്റെടുത്തു.
തക്കം കിട്ടിയാല്‍ മുട്ടയും കൊത്തിപറക്കും.
അവറ്റകളെ തല്ലിക്കൊല്ലാനും കിട്ടൂലല്ലോ..

*വിഴുങ്ങി കക്കിയ കുഞ്ഞുങ്ങള്‍.
*അമ്മക്കിളി.*ചത്തു മലച്ചു.
***************************************
*സെലി.വീട്ടില്‍ സഹായത്തിനു വരുന്ന സ്ത്രീ.

Monday, February 15, 2016

ചെടിച്ചട്ടിയിലെ കുടിയേറ്റക്കാരി..!

ചെടികളും മറ്റും അനിയത്തിമാര്‍ ഏറ്റെടുത്തതോടെ ഞാനതൊക്കെ പറ്റെ ഉപേക്ഷിച്ച മട്ടായി.
പിന്നെ നീണ്ട ഗള്‍ഫ് വാസം മതിയാക്കി നാട്ടിലേക്കൊരു പറിച്ചു നടല്‍.നാട്ടില്‍ സെറ്റിലായി സ്വന്തം വീടും മുറ്റവുമൊക്കെ ആയപ്പോള്‍
പഴയ ഇഷ്ടങ്ങള്‍ വീണ്ടും തലപൊക്കിത്തുടങ്ങി.
നെഴ്സറികളായ നെഴ്സറികളൊക്കെ കേറി നിരങ്ങലായിരുന്നു പ്രധാന ഹോബി.
കണ്ണില്‍ കണ്ട ചെടികളൊക്കെ വാങ്ങി ക്കൂട്ടി.
ചെടിക്കച്ചവടക്കാരുടെ പറ്റിക്കലുകള്‍ക്കൊക്കെ ഒരു പാട് തവണ ഇരയായി.
മൂന്നുതരം പൂവിരിയും എന്നൊക്കെ പറഞ്ഞു എന്നെ പറ്റിച്ചു നല്‍കിയ ചെടിയില്‍
ഒരു പൂ പോലും കാലമിത്ര ആയിട്ടും വിരിഞ്ഞു കണ്ടില്ല.

കുറെ നട്ടു മുളപ്പിച്ചു.നനച്ചു വളര്‍ത്തി,ആനന്ദം കൊണ്ടു.
അറിയാതെങ്ങാനും വല്ല കാന്താരിയും ചെടിച്ചട്ടിയിലെങ്ങാനും
വീണു മുളച്ചത് കണ്ടാല്‍ നിര്‍ദാക്ഷിണ്യം പറിച്ചെറിയാന്‍
ഒരു മടിയുമില്ലാത്തൊരു കാലം.
അങ്ങാടിയില്‍ നിന്നും വിഷമയ പച്ചക്കറികള്‍ വലിയ കാശു കൊടുത്തു
വാങ്ങുമ്പോഴൊക്കെയും  എന്‍റെ ഉള്ളില്‍ പൂക്കള്‍ മാത്രം പുഞ്ചിരിച്ച് നിന്നു.
ഒരിക്കല്‍പോലും ഒരു തക്കാളിയോ മുളകോ
സ്വപ്നത്തില്‍ പോലും എത്തിനോക്കിയില്ല.
ഇടയ്ക്കു ഉപ്പ വരുമ്പോഴൊക്കെ പറയും.ഏതായാലും നട്ട് നനക്കുന്നുണ്ട്.
ഇക്കൂട്ടത്തില്‍ കുറച്ചു കായ്ക്കറികൂടി ഉണ്ടാക്കിക്കൂടെ നിനക്കെന്നു.
അപ്പോഴൊക്കെ പണ്ട് എന്‍റെ ഹൃദയത്തെ കീറിമുറിച്ച
ആ അറുംകൊലയെ കുറിച്ച് ഞാന്‍ ഓര്‍ക്കും.
പിന്നെ ചിരിയും വരും.
എന്നാലും പച്ചക്കറി നടാനൊന്നും മിനക്കെട്ടില്ല.

കാലങ്ങള്‍ മാറി മറിയുമ്പോള്‍ ചിന്തകളും അഭിരുചികളും മാറുന്നു.
പ്രായത്തിന്റെ പക്വതയില്‍ ചില നിമിത്തങ്ങള്‍
നമ്മെ കൊണ്ട് ചെയ്യിക്കുന്ന ചില കാര്യങ്ങളുണ്ട്.
അതിലൊന്നായി എനിക്കും വെളിപാടുണ്ടായി.
വല്ലതും നട്ട് നനച്ചുണ്ടാക്കി അങ്ങാടിയിലെ വിഷം വാങ്ങിത്തിന്നാതിരിക്കാന്‍
എന്‍റെ മനസ്സും എന്നോട് പറഞ്ഞു തുടങ്ങി.
ഭര്‍ത്താവിന്റെ ഉത്സാഹത്തില്‍ പങ്കു ചേര്‍ന്ന് ഞാനും വിത്തുകള്‍ പാകിത്തുടങ്ങി.
വിജയം വളരെ വിരളമായിരുന്നു.അതിപ്പോഴും അങ്ങനെ തന്നെ.

കഴിഞ്ഞ മാസമാണ് ചെടിച്ചട്ടിയിലെ ഈ കുടിയേറ്റക്കാരിയെ ഞാന്‍ കണ്ടത്.
നല്ല തള്ളിപ്പുളച്ച വളര്‍ച്ച.
എന്‍റെ അഡിനിയം ചെടിയുടെ തോളുരുമ്മിക്കൊണ്ട്.
ഒരു പാട് കാശ് കൊടുത്ത് വാങ്ങിയ ചെടിയാണ്.
ഇവള്‍ അതിനെ പാതാളത്തിലേക്ക് പറഞ്ഞയക്കുമോ..
പണ്ടായിരുന്നെങ്കില്‍ പറിച്ചെറിഞ്ഞേനേ ഞാന്‍.
ഇവളെയങ്ങു പറിച്ചു നട്ടാലോ..യ്യോ വേണ്ട.
മനസ്സ് പറയുന്നു,
പിറന്ന മണ്ണ്  വിട്ടു പോകാന്‍ ആര്‍ക്കെങ്കിലും ഇഷ്ടം കാണുമോ.
എന്തായാലും അവിടെ നില്‍ക്കട്ടെ,

എന്‍റെ അഡിനിയം മൊട്ടിടാനുള്ള തെയ്യാറെടുപ്പിലാ.
അതിന്റെ മേലൊന്നും വീണു വേദനിപ്പിക്കല്ലേ തക്കാളിപ്പെണ്ണേ..
നിനക്ക് വീഴാനും പടരാനും താങ്ങായി ഞാന്‍ നല്ലൊരു കമ്പ് കുത്തിത്തരാം കെട്ടോ..
അവളെ പറഞ്ഞു മനസ്സിലാക്കി.
അവള്‍ അനുസരണയോടെ തന്നെ വളര്‍ന്നു.ഉയരത്തില്‍ അവള്‍ കേമിയായെങ്കിലും
ഒരു പൂ പോലും അവളായിട്ടു തട്ടി വീഴ്ത്തിയില്ല.
രണ്ടാളുംരേമനസ്സോടെവളരുന്നു.
ചെറിത്തക്കാളിക്കുഞ്ഞുങ്ങള്‍ സുന്ദരിപ്പൂക്കളോട് കിന്നാരം പറയുന്നത് കണ്ടില്ലേ..
നമ്മളില്‍ ആര്‍ക്കാ കൂടുതല്‍ ഭംഗി എന്നാകുമോ അവര്‍ പരസ്പരം പറയുന്നത്...

ചെടിച്ചട്ടിയിലെ കുടിയേറ്റ കഥ!.ഒരാമുഖം.പണ്ടു പണ്ട്...കത്തിനില്‍ക്കുന്നൊരുവേനല്‍ക്കാലം.
എന്‍റെകയ്യില്‍കുറച്ചുസീനിയവിത്തുകള്‍കിട്ടി.
വളരെ നാളത്തെ ആഗ്രഹങ്ങള്‍ക്കൊടുവിലാണ് ഒരു കൂട്ടുകാരി വഴി
എനിക്കാവിത്തുകള്‍ കിട്ടുന്നത്.
അതെവിടെ പാകി മുളപ്പിക്കും.മുളച്ചത് പറിച്ചു നടുന്നതെവിടെ.
എന്നൊക്കെ ചിന്തിച്ചു എന്‍റെ ഉറക്കംപോലും നഷ്ടപ്പെട്ടു.
ഇതിലെന്താണിപ്പോ ഇത്ര ചേനക്കാര്യം എന്ന് നിങ്ങള്‍ക്കു തൊന്നും.
പക്ഷെ കാര്യമുണ്ട്.
ഒരു ചെടിക്കമ്പു കുത്തുന്നത് കാണുമ്പോഴേ എന്‍റെ വല്യുമ്മ അവിടെയെത്തും.
വല്ല മൊളകോ തക്കാള്യോ കുയ്ച്ചിട്ടൂടെ പെണ്ണേ ന്നും പറഞ്ഞ്.
പിന്നെയൊരു കെണി കോഴികളാണ്,
നനഞ്ഞ മണ്ണ് കണ്ടാല്‍ പിന്നെ ഒക്കെക്കൂടി അവിടെ ബ്രേക്ക് ഡാന്‍സ്കളിക്കും.
ചുരുക്കി പറഞ്ഞാല്‍  അന്ന് മുതലാണ് പച്ചക്കറി കൃഷിയോടും കോഴികളോടും
എന്നിലൊരു വൈരാഗ്യം ഉടലെടുത്തത്.
ആയിടക്കാണ്  സ്കൂള്‍ പരിസരത്ത് ഒരാള്‍ പ്രത്യക്ഷപ്പെട്ടത്.
മക്കയും മദീനയും പിന്നൊരുപാടു പടങ്ങളും കാണിക്കുന്ന 
ഒരത്ഭുത കേമറയുമായി ഒരാള്‍.
പത്തു പൈസ തുട്ടുമായി ഞങ്ങള്‍ കുട്ടികള്‍ അയാള്‍ക്കരികില്‍ വരി നിന്നു.
എന്‍റെ ഊഴം അടുക്കും തോറും എന്‍റെ നെഞ്ചിടിപ്പ് കൂടി.
കണ്ടവരാകട്ടെ കണ്ണ് തിരുമ്മി ഞങ്ങളുടെ മുമ്പില്‍ ഞെളിഞ്ഞങ്ങനെ നില്‍ക്കുന്നു.
മക്കയും മദീനയും ഹജ്ജുയാത്രകളും കടന്നു എന്‍റെ കാഴ്ച എത്തി നില്‍ക്കുന്നത് 
പൂക്കളുടെ ഒരു മഹാ ലോകത്ത്.
നിറങ്ങളുടെ പറുദീസ തീര്‍ത്ത് അതെന്നെയൊരു സ്വപ്ന ലോകത്തെത്തിച്ചു.
തുലിപ് പൂക്കളുടെ പറുദീസ!
തുലിപ്പ് പൂക്കള്‍ എന്ന് ഞാനൊ മറ്റാരെങ്കിലുമോ അന്ന് കേട്ടതായി എനിക്കറിവില്ല.
പിന്നീടുള്ള എന്‍റെ സ്വപ്നങ്ങളില്‍ പൂക്കള്‍ ചിരിക്കുന്ന  താഴ്വാരങ്ങള്‍ നൃത്തം ചവിട്ടി.
ഒരു ദിവസം എന്‍റെ കയ്യിലെ സീനിയ വിത്തുകള്‍ ആ സ്വപ്നക്കാഴ്ചയില്‍ വീണു വിരിഞ്ഞു.
ഞാന്‍ കണ്ട തുലിപ് പൂക്കളുടെ താഴ്വാരം പോലെ.
പിറ്റേന്ന് തന്നെ മുറ്റത്തിന്റെ അരികിലായി ഞാന്‍ കുറച്ചു സ്ഥലം കണ്ടു വെച്ചു.
ഉള്ളതില്‍ വെച്ച് ചെറിയൊരു കൈക്കോട്ടും കൈക്കലാക്കി കിളക്കാനും  തുടങ്ങി.
ഉറച്ച മണ്ണില്‍ എന്‍റെ കിളകള്‍ ഒരു പോറല്‍ പോലും ഏല്‍പ്പിച്ചില്ല.
ഇതികര്‍ത്തവ്യഥാമൂഢയായി ഞാന്‍ നിന്നു.
തോറ്റ്പിന്മാറാന്‍ ഞാനൊരുക്കമല്ലായിരുന്നു.
രണ്ടുമൂന്നു ബക്കെറ്റ് വെള്ളം ഒഴിച്ചു മണ്ണിനെ ഇളക്കാന്‍ നോക്കി.
മുകളിലെ മണ്ണ് അല്‍പ്പം നീങ്ങിയതൊഴിചാല്‍ ഫലം തഥൈവ.
ഇത് കണ്ടു ചിലരൊക്കെ ഊറിച്ചിരിക്കുന്നതും പിറുപിറുക്കുന്നതും 
കണ്ടില്ലാന്നു നടിച്ചങ്ങനെ നില്‍ക്കുമ്പോഴാണ് ഞങ്ങളുടെ കാര്യസ്ഥന്‍ 
അയമുട്ടികാക്ക സഹായ ഹസ്തവുമായി വരുന്നത്.
കോലുകൊണ്ട് ദീര്‍ഘ ചതുരാകൃതിയില്‍ ഞാന്‍ വരച്ചിട്ട സ്ഥലത്തെ മണ്ണ് 
എത്ര ലാഘവത്തോടെ യാണ് മൂപ്പര്‍ കിളച്ചു മറിച്ചത്.
മണ്ണൊരുങ്ങിയതും എന്‍റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു മുളച്ചു.
ചെറിയ കോലുകൊണ്ട് ചാലുകള്‍തീര്‍ത്തു സീനിയ വിത്തുകള്‍ നിശ്ചിത അകലത്തില്‍ പാകി.
രാവിലെയും വൈകിട്ടും വെള്ളം നനച്ചു.
മുട്ടുകുത്തി നിവരുന്ന സീനിയ ചെടികളെ കോഴികളില്‍ നിന്നും
രക്ഷിച്ചെടുക്കാന്‍ പെട്ട പാട് ചില്ലറയൊന്നുമല്ല.
അങ്ങനെ എന്‍റെ സീനിയ ചെടികള്‍ വളര്‍ന്നു,മൊട്ടിട്ടു.
പല നിറത്തിലുള്ള പൂക്കളുമായി നിന്നു പുഞ്ചിരിപൊഴിച്ചു.

ഒരു സ്ഥലത്ത് ഒരേ പോലുള്ള ചെടികള്‍  നടുന്ന സ്വഭാവം അന്നൊക്കെ 
ടൂര്‍ പോകുമ്പോള്‍ പാര്‍ക്കുകളില്‍ മാത്രം കാണുന്ന കാഴ്ചയാണ്.
നിറഞ്ഞു നില്‍ക്കുന്ന പൂക്കാഴ്ച കാണാന്‍ ഗേറ്റിനുമുകളിലൂടെ 
ആളുകള്‍ എത്തി നോക്കുന്നതു കാണുമ്പോള്‍
ഗമ മൂത്ത് ഞാന്‍ ഞെളിഞ്ഞു നില്‍ക്കും.

വിത്തെടുത്തു വെച്ച് പാകലും മുളപ്പിക്കലുമായി
രണ്ടു മൂന്നു വര്ഷം കൂടി എന്‍റെ പൂകൃഷി തുടര്‍ന്നു.
ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആ അറുംകൊല നടക്കുന്നത്.
എന്‍റെ കല്യാണമാണെന്ന് ചിലരൊക്കെ പറഞ്ഞു ഞാനറിഞ്ഞ ദിനങ്ങള്‍!!
അതൊന്നും കാര്യമാക്കാതെ ഞാനെന്‍റെ പൂകളോട് കിന്നാരം പറഞ്ഞു നടന്നു.
പെട്ടന്നൊരു ദിവസം കുറച്ചു പേര്‍ വന്നു ഉപ്പാനോട് എന്തോ ചോദിക്കുന്നു
ഉപ്പ തലയാട്ടുന്നു,
അവര്‍ എന്‍റെ സീനിയ ചെടികളെ വെട്ടി മാറ്റുന്നു.

എത്ര പെട്ടെന്നാണ് എന്‍റെ സ്വപ്നങ്ങള്‍ക്ക് മുറിവേറ്റത്.
ചങ്ക് പിളരുന്നപോലെ തോന്നി എനിക്ക്.
കണ്ണുകള്‍ നിറഞ്ഞോഴുകി.
ഞാന്‍ വല്യുംമാന്റെ അടുത്തേക്കോടി.
"അപ്പളും പറഞ്ഞിലെ ഞാനാ മിറ്റം മുയ്മനും കെളെച്ചു നാസാക്കണ്ടാന്നു.
വല്ല മൊളകോ തക്കാള്യോ ഒരരൂലെങ്ങാനും കുയ്ച്ചിട്ടീനെങ്കി
ഇപ്പൊ എത്തര നന്നായിനും.
അന്റെ പുഗ്ഗും ചെടീം പ്പോ ന്തായി.
പന്തലിടാന്‍ സ്ഥലം മാണ്ടേ പെണ്ണേ.
അന്റെ കല്യാണല്ലേ..ഈ കുട്ടിന്റൊരുകാര്യം."
വല്യുമ്മയും കൈ മലര്‍ത്തി.

കാലം അതായിരുന്നു.എതിര്‍പ്പുകള്‍ക്ക് സ്ഥാനമില്ല.
അതിനുള്ളധൈര്യവും വിവേകവും അന്നത്തെകുട്ടികള്‍ക്കില്ല.
അനുസരിക്കലും വഴങ്ങലും മാത്രം.

പിന്നീടെന്റെ സ്വപ്നങ്ങളില്‍ തുലിപ് പൂക്കളുടെ താഴ്വാരങ്ങളോ..
എന്‍റെ മുറ്റത്തെ പൂ വസന്തമോ കടന്നു വന്നില്ല.
എന്‍റെ സീനിയക്കാലം അവിടെ അവസാനിച്ചു,
എന്‍റെ ജീവിതത്തിലെ പൂക്കാലവും.
*
*
*
*
*
*
*
*
അനുഭവം സാക്ഷി!
*
*
*
വാലും തലയും:
______________
ചെടിച്ചട്ടിയിലെ ഒരു കുടിയേറ്റത്തെ കുറിച്ചാണ് എഴുതാന്‍ വന്നത്,
പക്ഷെ അതിനൊരു മുഖവുരയാണ് ഉണ്ടായിത്തീര്‍ന്നത്.
അപ്പോള്‍ കുടിയേറ്റ കഥ അടുത്ത ഭാഗം.
തുടരും...

Friday, December 18, 2015

എന്റെ ടെസിലെ കൃഷി വിശേഷങ്ങൾ


വെറുതേചൂടുപിടിച്ചു കിടന്നിരുന്ന ടെറസായിരുന്നു എന്റെത് ആദ്യം ടാർപോളിൻ ഷിറ്റ് ഇട്ട്  ചൂടു തടഞ്ഞു . ടെറസു തണുക്കാൻ വെള്ളം സ്പ്രേ ചെയ്യാറും ഉണ്ടായിരുന്നു. വെറുതേ വെള്ളം പോകരുതെന്നു കരുതി  നാലു വഴുതിനയും രണ്ടു ചട്ടി മുളകും നട്ടു . പിന്നെ വേപ്പ് അതിൽ തുടങ്ങി ഇപ്പോൾ നൂറിലധികം ചട്ടികളുണ്ട്. ഒരു വിധംഎല്ലാ പച്ചക്കറികളുമുണ്ട്. കുറച്ചു ക്ഷമയും അദ്ധ്വാനശീലവുമുണ്ടെങ്കിൽ ഏതൊരു വ്യക്തിക്കും നമ്മുടെ വീട്ടാവശ്യത്തിനുള്ള പച്ചക്കറിയുണ്ടാക്കാം. ക്യാബേജ്, കോളി ഫ്ലവർ മുതൽ വാഴവരെ എന്റെ ടെറസിൽ കുലച്ചു .ഇപ്പോൾ  അക്വാ പോണിക്സും തുടങ്ങി . അധികമുള്ള പച്ചക്കറി ഉണക്കി വറ്റ ലാക്കും. ജാം സ്ക്വാഷ്, ജെല്ലി സോസ് ,പിക്കിൾ ആക്കി സൂക്ഷിക്കുന്നു. ഏതൊരു വീട്ടമ്മക്കും ഉപകാരപ്രദവും സന്തോഷം തരുന്നതുമായാകാര്യമാണ് അടുക്കളത്തോട്ടം. കൃഷിയുടെ ആദ്യ പാഠം പോലുമറിയാത്ത എനിക്ക് വിത്ത് ബാങ്ക് അടുക്കളത്തോട്ടത്തിൽ നിന്ന ലഭിച്ച അറിവുകളും സഹായവും വളരെ വലുതാണ്. എത്രയും വേഗം നിങ്ങളും തുടങ്ങു ഒരു പച്ചക്കറിത്തോട്ടം
 അനുഭവിച്ചറിയും അതിൽ നിന്നു കിട്ടുന്ന ആനന്ദം


Thursday, December 17, 2015

തേങ്ങാ വെള്ളത്തില്‍നിന്ന് വിന്നാഗിരി
പലരുംപാഴാക്കികളയുന്നതെങ്ങാവെള്ളത്തില്‍ നിന്നു വിന്നാഗിരിയുണ്ടാക്കാം. ഇതൊരുപുതിയഅറിവല്ല. പക്ഷെപലര്‍ക്കുംഎങ്ങനെ? എന്നചോദ്യത്തിന് ഉത്തരംഇല്ല
..
ഒരുലിറ്റര്‍ തേങ്ങാവെള്ളത്തില്‍120 ഗ്രാംപഞ്ചസാരഎന്നകണക്കില്‍ചേര്‍ത്തുതിളപ്പിക്കുക.ചൂടാറിക്കഴിഞ്ഞു അല്‍പ്പംയീസ്റ്റ് ചേര്‍ത്ത് ഭരണിയില്‍ഒഴിച്ച് വയ്ക്കുക. ഏഴു ദിവസംകഴിഞ്ഞുഎടുത്തുഒരുലിട്ടെരിനു നൂറുമില്ലി കണക്കില്‍നല്ലവിന്നാഗിരി ചേര്‍ത്തുവക്കുക. 22 ആം ദിവസംതെളിഊറ്റി അരിച്ചെടുത്ത്‌ കുപ്പിയില്‍നിറക്കാം.
തെളിയെടുത്തുകഴിഞ്ഞുള്ളകീടന്‍അടുത്ത ബാച്ചിനുള്ളവിന്നഗിരിയായിട്ടു ഉപയോഗിക്കാം.
അപ്പോഴെങ്ങനാ, നാളെമുതല്‍ തേങ്ങാവെള്ളംഎടുത്തു വിന്നാഗിരിയാക്കാനുള്ളശ്രമം തുടങ്ങുകയല്ലേ?

എന്‍റെ ആദ്യത്തെ കൃഷി അനുഭവങ്ങള്‍ :-  
                                                                                                                                                           എന്‍റെ കൃഷി തുടങ്ങുന്നത് തൃശൂര്‍ വന്നു താമസം തുടങ്ങിയപ്പോള്‍ ആണ് .അതിനുമുന്‍പ്കൃഷിപ്പണികള്‍മേല്‍നോട്ടംവഹിക്കാന്‍അമ്മാമ്മയോടോപ്പവും,സഹായിക്കാന്‍ അമ്മയോടൊപ്പവും സഹകരിച്ച പരിചയം മാത്രം...ജീവിതത്തിലെ പ്രധാന ചടങ്ങുകള്‍ കഴിഞ്ഞ് 2 കുട്ടികളുമായി താമസം തുടങ്ങിയ കാലം....പെട്ടെന്ന് ഒരു ദിവസം കൃഷി ചെയ്യണം എന്ന് തോന്നി ...റോഡില്‍ കൂടി വിളിച്ചു കൊണ്ട് പോയ പശുവിനു വെള്ളം കൊടുക്കുന്ന തൊട്ടി ഒരെണ്ണം വില പറഞ്ഞു വാങ്ങി,മണ്ണ് നിറച്ച്,പത്തുമണി ചെടികളുടെ തല നട്ടു കൊടുത്തു.....പിന്നെ ദിവസവവുംപല പ്രാവശ്യം അതിന്‍റെ അടുത്ത്‌പോയി നോക്കും.രാവിലെ കുട്ടികള് ഉണരുന്നതിനുമുന്‍പ് ഉണരാന്‍ വലിയഉത്സാഹമായിരുന്നു......അതില്‍ആദ്യത്തെമുട്ടുണ്ടായതും,പൂവിരിഞ്ഞതും ഇന്നും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന അനുഭവങ്ങള്‍ തന്നെ.                                                                                                                                                                     പിന്നെയാണ്പച്ചക്കറി കൃഷിയിലേക്ക് കാലെടുത്തുവച്ചത്,ആദ്യ പടിയായി ചീര വിത്ത് സംഘടിപ്പിച്ചു.മണ്ണ് കിളച്ചു തടമെടുത്തു,സഹായി ആയി അടുത്തുള്ള കൂട്ടുകാരിയേയും കൂട്ടി...സാങ്കേതികസഹായം അടുത്ത വീട്ടിലെ അമ്മൂമയാണ് .അങ്ങനെ ചീര വിത്ത് പാകി,നനച്ചുകൊടുത്തു,ഓലതലപ്പു കൊണ്ട്മൂടി,പിറ്റേദിവസം തൊട്ടു ഇടക്കിടക്ക്തുറന്നു പരിശോധിക്കും,അങ്ങനെ ചീര തൈകള്‍ മുളച്ച് പൊന്തി,എവിടന്നോ സംഘടിപ്പിച്ച ഒരു പച്ചക്കറി സഹായി നോക്കിയാണ് പിന്നത്തെ കലാപരിപാടികള്‍,....എഴുതിയതനുസരിച്ചു വളരാന്‍ നോകകിയിരിക്കാന്‍ ക്ഷമ അനുവദിച്ചില്ല.എല്ലാത്തിനേയും പറിച്ചു നട്ട് നനച്ചു കൊടുത്തു.നേരം വെളുത്തപ്പോഴും കുഴപ്പമൊന്നും കണ്ടില്ല.ഉച്ച സമയത്ത് നോക്കിയപ്പോള്‍ എല്ലാം ഉണങ്ങി കരിഞ്ഞ് കിടക്കുന്നു.അപ്പോള്‍ മനസിലായി കൃഷിക്ക് ഏറ്റവും വേണ്ട ഗുണം ക്ഷമ തന്നെ എന്ന്.അതിനു ശേഷം മുന്നോട്ടു വെച്ച കാല് പിന്നോട്ട് വച്ചിട്ടില്ല.ഇപ്പോള്‍ തുടക്കകാര്‍ക്ക് എന്തെല്ലാം സൌകര്യങ്ങള്‍ കിട്ടുന്നു,....ആരും വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം.......

Saturday, December 5, 2015