Tuesday, August 19, 2014

പടുകൂട്ടാനും മത്തിക്കറിയും...!


 


എന്ന് വെച്ചാല്‍ എല്ലാര്‍ക്കും തിരിഞ്ഞോന്നറിയില്ല..എന്തായാലും ഫോട്ടോകണ്ടാല്‍ മനസ്സിലായിക്കോളും എന്ന് പറയാനും പറ്റാത്ത അവസ്ഥയായിപ്പോയില്ലേ..?

ഇന്നലെയാണ് ഞാന്‍ അതിനൊരുങ്ങിയത്.വേറൊന്നിനുമല്ല .ഒരു കൂട്ടാന്‍ വെക്കണം .വെറും കൂട്ടാനല്ല കിട്ടുന്നതൊക്കെ  ഇട്ടിട്ടു ഒരു  mixed koottaan..!
ഇതിനാണ് ഞങ്ങള്‍ പടുകൂട്ടാന്‍ എന്ന് പറയുന്നത്.ഒഴിച്ചു കഴിക്കാന്‍ മീന്‍ കറികൂടിയുണ്ടേങ്കിലെ സംഭവം ഉശാറാവൂ..!എന്നിട്ടത് ഫേസ്ബുക്കില്‍ ഇടണം.
"<<കപ്പയും മീന്‍ കറിയും>> പോലെ കുറെ ലൈക്ക് ഒക്കെ കിട്ടണം..!
എന്തായാലും നല്ല ഒന്നാം തരം മത്തി തന്നെ കിട്ടിയപ്പോള്‍  ഒന്നുകൂടി ഉഷാറായി.
ആദ്യം മീന്‍കറി വെച്ചു..അത് അടുപ്പത്തിരിക്കുമ്പോള്‍ തന്നെ ഒന്ന് രണ്ടു ഫോട്ടോയും എടുത്തു.
ഇനി കൂട്ടാന്‍ വെക്കാനുള്ളത്..നോക്കണം. മഴ ചതിച്ചു മറിച്ചിട്ട ഞങ്ങളുടെ റെഡ് ലേഡികള്‍ കുറെയെണ്ണം ഇരിപ്പുണ്ട്.
കുറെ ദിവസമായി ഉപ്പേരി .കറി ..--കറി ...ഉപ്പേരി ..എന്നിങ്ങനെ തിരിച്ചും മറിച്ചും കളിച്ചു എനിക്കു മടുത്തു.ലേഡികള്‍ക്കും മടുത്തുകാണും.
അവരുടെ മടുപ്പ് ഒന്നടങ്കം ഒറ്റയടിക്കങ്ങട്ടു തീര്‍ത്തു.ഒക്കെ കൂടി ചെത്തി മുറിച്ചു നുറുക്കി ക്കൂട്ടി..കുക്കറിലിട്ടു.
 ചേമ്പും ചേനയും ഉണ്ട്..പക്ഷെ അത് കിളച്ചു തരാന്‍ ആരെയും കിട്ടിയില്ല.
(ഇപ്പോള്‍ കിളക്കുന്ന കാലമാണോന്നറിയില്ല) തല്‍ക്കാലം മൂന്നാല് ചേമ്പിന്‍ തണ്ടുകൊണ്ട് തൃപ്തി പ്പെടെണ്ടി വന്നു.
അപ്പോഴാണ് ചിന്തിച്ചത് ...കപ്പയില്ലാതെ എന്ത് കൂട്ടാന്‍...!എന്തായാലും തൊടിയിലില്ല.അങ്ങാടിതന്നെ തന്നെ ശരണം.

എല്ലാം ഒപ്പിച്ച്.. ഒക്കെ കഴുകി പാത്രത്തിലിട്ട് മുറിക്കും മുമ്പ്  ഒരു ഫോട്ടോ എടുത്തു.
ഇനി വെന്ത ശേഷം  എടുക്കാം..ഫെസ്ബൂകില്‍ ഇടെണ്ടതല്ലേ..

നേരത്തെ  മുറിച്ചിട്ട പപ്പായ ലേഡികളുടെ മുകളിലേക്ക് മൂന്നാല് കപ്പ ചെറുതാക്കി നുറുക്കിയിട്ടു.
ഒരു പൊണ്ണന്‍ കായയും മുറിച്ചിട്ടു.ചേമ്പിന്‍ തണ്ട് അതിനു മുകളില്‍..
എല്ലാറ്റിനും മുകളില്‍ എട്ടു പത്തു കാന്താരി ഞെട്ട് കളഞ്ഞതും  പാകത്തിന് കല്ലുപ്പും ഇട്ടു..
കൂക്കര്‍ മൂടി വിസിലും കാത്തിരുന്നു.

രാത്രിഭക്ഷണമായിട്ട് കഴിക്കാമെന്ന് കരുതി കടുക് വറുത്തിടല്‍ പിന്നത്തേക്ക് നീട്ടി വെച്ചു..,മുറ്റത്തേക്കിറങ്ങി.
കുറച്ചു ദിവസമായിട്ടു തെളിഞ്ഞു നിന്നിരുന്ന ചിങ്ങവെയില്‍ മങ്ങിത്തുടങ്ങിയിരുന്നു,,
മഴ ചാറുന്നുമുണ്ട്..!അപ്പോഴാണ് ആകെയുള്ള രണ്ടാങ്ങളമാരും രണ്ടനിയത്തിമാരും മുറ്റത്ത്‌ വന്നിറങ്ങിയത്.
മുറ്റത്തു മഴക്കാലത്ത് സ്പെഷ്യലായി ഉണ്ടാകുന്ന "കാടനില്‍"(ഗാര്‍ഡന്‍ എന്ന് ഇംഗ്ലീഷില്‍ പറയാം,പക്ഷെ ഇപ്പോള്‍ ഈ പേരാണ് ചേരുക)
കുറച്ചു സമയം ചിലവഴിച്ച ശേഷം എല്ലാവരും അകത്തേക്ക് കേറി.
റെഡിയാക്കി വെച്ച ഭക്ഷണത്തിന്‍റെ ഊറ്റത്തില്‍ ഉള്ള സമയമത്രയും എനിക്കും അവരോടൊപ്പം സംസാരിച്ചിരിക്കാന്‍
പറ്റി..!കടുക് വറുത്തില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ അടുക്കളയിലേക്കു പോയി.

മീങ്കറിയും കൂട്ടാനും മേശയില്‍ വെച്ചത് ഓര്‍മയുണ്ട്..എല്ലാം വളരെ പെട്ടെന്നായിരുന്നു..
ചൂടുള്ള കട്ടന്‍ചായ കൂടി  കുടിച്ചു എല്ലാവരും എഴുന്നേറ്റു..!
ഞാന്‍ എന്തോ പോയ അണ്ണാനെ പോലെ നില്‍ക്കുകയാണ്..!നിങ്ങള്‍ കരുതുന്നുണ്ടാകും എനിക്ക് ബാക്കി വെക്കാതെ
എല്ലാരും തിന്നുകാണും..അതിനാണ് ഞാന്‍ ഈ പറഞ്ഞപോലെ നില്‍ക്കുന്നതെന്ന്..
കഴിക്കാന്‍ എനിക്ക് കിട്ടി! പക്ഷെ ഫെസ്ബൂക്കില്‍ പോസ്റ്റ് ചെയ്യാന്‍ കൂട്ടാനെവിടെ..?

തല്‍ക്കാലം കൂട്ടാന്‍ ചട്ടി നോക്കി ഒരു നെടുവീര്‍പ്പിടാം..!
ഈ നെടുവീര്‍പ്പ് എന്ന് പറയുന്നത് ചില്ലറ കാര്യൊന്നുമല്ല കെട്ടോ..ഇങ്ങനെയുള്ള സമയങ്ങളില്‍
വല്ല്യൊരു ആശ്വാസാ...

Monday, May 26, 2014

എല്ലാ വീട്ടിലും അടുക്കളത്തോട്ടം.

ടെറസ്സ് കൃഷി
ഇന്നത്തെ മാറിയ ചുറ്റുപാടില്‍ ഓരോ വീട്ടിലും ഒരു അടുക്കളത്തോട്ടം വേണമെന്ന കാര്യം അനിവാര്യമായി വന്നിരിക്കുന്നു. വിഷമയമായ ആഹാര പദാര്‍ത്ഥങ്ങള്‍ അകത്തു ചെല്ലുന്നതിനാല്‍ ഇന്ന് രോഗങ്ങള്‍ പിടി പെടാനുള്ള സാഹചര്യം വളരെ കൂടുതലാണ്. വീട്ടില്‍ കൃഷി നടത്താന്‍ സ്ഥല പരിമിതിയുള്ളവര്‍ക്കായി ഇന്നു ധാരാളം നൂതന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഉദാഹരണമായി ടെറസ്സിലും ബാല്‍ക്കണിയിലും ഗ്രോ ബാഗുകളില്‍/ചാക്കുകളില്‍ മണ്ണും മണലും /ചകിരി  ചോറും  ചാണകപ്പൊടി/കമ്പോസ്റ്റും നിറച്ചു കൃഷി തുടങ്ങാവുന്നതേയുള്ളൂ. സോഷ്യല്‍ മീഡിയകള്‍ക്ക് വളരെ പ്രസക്തിയുള്ള ഇക്കാലത്ത് ഇക്കാര്യം മുന്‍ നിര്‍ത്തി അടുക്കളത്തോട്ടം എന്ന പേരില്‍ ഒരു ഗ്രൂപ്പു തന്നെ തുടങ്ങിയിട്ടുണ്ട്. കേവലം  8 മാസം പിന്നിട്ടപ്പോഴേക്കും 45,000 നു മുകളില്‍ അംഗങ്ങല്‍ ആ ഗ്രൂപ്പില്‍ ചേര്‍ന്നതു തന്നെ ഈ വിഷയത്തിന്റെ പ്രസക്തി ഉയര്‍ത്തിക്കാട്ടുന്നു. നല്ല വിത്തുകള്‍ പരസ്പരം കൈമാറാനായി ഒരു വിത്തു ബാങ്കും  പ്രവര്‍ത്തിക്കുന്നുണ്ട്. അംഗങ്ങളുടെ പക്കല്‍ അധികം വരുന്ന വിത്തുകള്‍ മറ്റു അംഗങ്ങള്‍ക്കിടയില്‍ സൊജന്യ വിതരണത്തിനായി അവര്‍ വിത്തു ബാങ്കില്‍ നിക്ഷേപിക്കുന്നു. വിത്താവശ്യമുള്ളവര്‍ സ്വന്തം മേല്‍ വിലാസമെഴുതിയ സ്റ്റാമ്പൊട്ടിച്ച കവറുകള്‍ വിത്തു ബാങ്കി ലേക്കയക്കുന്നു. നിലവില്‍ സ്റ്റോക്കുള്ള വിത്തുകളുടെ ഒരു ലിസ്റ്റും ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃഷി തുടങ്ങിയ ശേഷം  വിളവെടുപ്പു വരെ ഉണ്ടാകാവുന്ന കീടാ‍ക്രമണങ്ങള്‍ , വളം ചെയ്യേണ്ട രീതികള്‍ ഇവയെല്ലാം പരസ്പരം ചര്‍ച്ച ചെയ്യാനും ഗ്രൂപ്പില്‍ അവസരമുണ്ട്. എല്ലാവരും  അവനവനും കുടുംബത്തിനും ആവശ്യമായ പച്ചക്കറികള്‍ സ്വയം ഉലപാദിപ്പിക്കാന്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.