Monday, March 21, 2016

മൂര്‍ക്കനും മുട്ടയും പിന്നെ ചേരയും...

കീടബാധകൊണ്ട് പൊറുതിമുട്ടി..പുതിയതൊന്നും നടാതെ പഴയതൊക്കെ
നനച്ചും നോക്കിയും നടക്കുകയാണിപ്പോള്‍.
മനസ്സിലാണെങ്കില്‍ മറ്റൊരു സ്വപ്നം വളര്‍ന്നങ്ങനെ വലുതായിക്കൊണ്ടിരിക്കുന്നു.
മറ്റൊന്നുമല്ല ഒരു അക്വോപോണിക് സ്വപ്നം.
ചെടികളുംമീനുകളുംപരസ്പരപൂരകങ്ങളായി ജലാശയ ചാരുതയില്‍
അഭിരമിക്കുന്ന ചെറുതല്ലാത്ത ഒരു അക്വോപോണിക് തോട്ടം.
അധികം വൈകാതെ യാഥാര്‍ഥ്യമാക്കണം.
അതുവരെ ഉള്ള കോഴികളെയും മുളക് ചെടികളെയും ഒക്കെ പരിപാലിച്ചു മുന്നോട്ടു പോകുന്നു.

പഞ്ചായത്തില്‍നിന്നും കിട്ടിയ പത്തു കോഴിക്കുഞ്ഞുങ്ങളില്‍
ഒരെണ്ണത്തിനെ പെരുമ്പാമ്പ്‌ വിഴുങ്ങി.
ബാക്കി ഒമ്പതെണ്ണത്തില്‍  ഒരൊറ്റ‍ പൂവനും.
ഇവര്‍ക്കെല്ലാര്‍ക്കും കൂടി കാവലായി,
ഉള്ള നേരമൊക്കെയും തൊള്ളകൂട്ടാതെ ഒച്ചപ്പാടും
ബഹളവുമായി  മൂന്നു ഗിനിക്കോഴികളും.
ഒരാഴ്ചമുമ്പാണ് കൂട്ടത്തില്‍ ചിലര്‍ മുട്ടയിട്ടു തുടങ്ങിയത്.
രണ്ടു ദിവസം മുട്ട കിട്ടി.മൂന്നാം ദിവസം മുട്ടയില്ല .
എങ്കില്‍ പിന്നെ നോക്കിയിട്ട് തന്നെ കാര്യം.
നാലാം നാള്‍ മുട്ടയിട്ട് കോഴി കൊക്കിപ്പാറുന്നതും
കാത്ത് ഞാനും *സെലിയും ജാഗരൂഗരായി,
മുട്ടക്കള്ളനെ പിടികൂടണമല്ലോ.
കോഴി ശബ്ധമുണ്ടാക്കിയതും രണ്ടുപേര്‍ കോഴിക്കൂടിനു നേരേ.
ഒന്ന് സെലി,മറ്റേത്  ഞാനല്ല,,അസ്സല്‍ ഒരു മൂര്‍ക്കന്‍ പാമ്പ്‌ !
മൂര്‍ക്കന്‍ കൂട്ടിലേക്കും സെലി തിരിഞ്ഞും ഓടി.
ആളും പാളും കൂടി,വടിയും കല്ലും പ്രയോഗിച്ചു.
ആളെ ഉടന്‍ തന്നെ ശെരിപ്പെടുത്തി ഒരു തീരുമാനമാക്കി.
അഞ്ചാം നാള്‍ മുഴുവന്‍ മുട്ടയും സ്വപ്നം കണ്ട് കൂട്ടില്‍ നോക്കിയ സെലി പ്ലിംഗ്.
കണ്ടുനിന്ന ഞാന്‍ പ്ലിംഗ് പ്ലിംഗ്.
വീണ്ടും മുട്ടക്കള്ളന്‍..!
പക്ഷെ അതാര്?
അകത്തിരുന്നു കുറെ ചിന്തിച്ചു.ഒരെത്തും പിടിയും കിട്ടുന്നില്ല.
ചിന്തകള്‍ക്ക് അല്‍പ്പം വെളിച്ചം കിട്ടട്ടെ എന്ന് കരുതിയാണ് വര്‍ക്കെരിയയിലേക്ക് ഇറങ്ങിയത്.
ഗ്രില്ലിനടുത്തു നിന്നു ചിന്തിച്ചാല്‍ നല്ല കാറ്റും കിട്ടും.
ഇഴ വര്‍ഗ്ഗത്തില്‍ പെട്ട ചെറുതും വലുതുമായ എല്ലാറ്റിനെയും കാണുന്നത് പോലും പേടിയുള്ള എന്‍റെ തൊട്ടു മുന്നില്‍ ഒരു മുട്ടന്‍ ചേര!
ഗ്രില്ലില്‍ തൂങ്ങിയാടി രസിക്കുകയാണ്.വയറ്റില്‍ എത്ര മുട്ടകളുന്ടെന്നു ആര്‍ക്കറിയാം.
പിന്നെ ആ പരിസരത്തൊന്നും എന്നെ ഞാന്‍ പോലും കണ്ടില്ല.

പണ്ടേ ഉള്ളതാണ് മൂപ്പരിവിടെ.അവിടേം ഇവിടേം ഒക്കെ ഇടയ്ക്കിടെ കാണും.
ചേരയല്ലേ..പാവം കൊല്ലണ്ട എന്ന മട്ടില്‍ വിട്ടുകളയും.
ഇപ്പോള്‍ ആളുടെ തനി നിറം കണ്ട് ഞങ്ങള്‍ പകച്ചു നിന്നു.
ആണുങ്ങളായിപ്പടച്ച ഒരാളും വീട്ടിലില്ല.
പിറ്റേന്നും മുട്ട കിട്ടീല.കള്ളന്‍ തൊട്ടടുത്തുള്ള മരത്തില്‍ കേറിയിരിക്കുന്നു.
വര്‍ക്കെരിയയില്‍ തട്ടി നില്‍ക്കുന്ന കൊമ്പിലൂടെ ആവണം തലേദിവസം ആള് കേറി വന്നത്.
പിന്നെ താമസിച്ചില്ല.തറവാട്ടില്‍ പണിയെടുക്കാന്‍ വന്ന രണ്ടാളെ വിളിച്ചു വീടിനോട് ചാരിയുള്ള കൊമ്പുകളെല്ലാം വെട്ടിയിടീച്ചു.
പെണ്ണുങ്ങളെ കണ്ടാല്‍ ചേര പോകൂല്ല.
വീട്ടില്‍ ആണുങ്ങള്‍ ഇല്ലെങ്കില്‍ ചേര പെണ്ണുങ്ങളെ നോക്കി പരിസരത്ത് തന്നെയുണ്ടാകും.പണിക്കാരുടെ ഡയലോഗ് കെട്ടു പാവം *സെലി മിഴിച്ചു നില്‍ക്കുന്നു.
പെണ്ണുങ്ങളെ പ്രേമിച്ചു ശരീരത്തില്‍ ചുറ്റുന്ന ചേരകള്‍ വരെയുണ്ട്
എന്നുകൂടി കേട്ടപ്പോള്‍ അവളുടെ അവസ്ഥ പറയൂം വേണ്ട.

പിറ്റേ  ദിവസം.
കഴുകിയ ഗോതമ്പ് മുറ്റത്ത് പരത്താന്‍ പോയ സെലിയുടെ ഉച്ചത്തിലുള്ള വിളി കേട്ടു ഓടിച്ചെന്നപ്പോള്‍ കണ്ട കാഴ്ച്ച!!
ലവ് ബേര്‍ഡ്സിന്‍റെ  കൂട്ടില്‍ ആകെ ബഹളം.
കൂട്ടിനകത്തു വീര ശൂര പരാക്രമി  ചേര വീരന്‍!
രണ്ടു കുഞ്ഞുമക്കളെ അകത്താക്കി പുറത്തു പോകാന്‍ കഴിയാതെ..ഇഴയുന്നു.
തൊട്ടപ്പുറത്ത് പണിയെടുക്കുന്ന പെയിന്റിംഗ് തൊഴിലാളികളെ വിളിച്ചു.
അത് ചേരയാ പോയിക്കോളും എന്നും പറഞ്ഞു തിരിഞ്ഞു നടന്ന
അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.
ഉപകാരത്തേക്കാള്‍ കൂടുതല്‍ ഉപദ്രവമായ അതിനെ കൊന്നു തരണമെന്ന് അപേക്ഷിച്ചു.
ആദ്യത്തെ അടിയില്‍ തന്നെ വിഴുങ്ങിയ രണ്ട് കിളിക്കുഞ്ഞുങ്ങളും പുറത്തെത്തി.
പാവം തള്ളക്കിളി കലപിലാ കരഞ്ഞുകൊണ്ട് കൂട്ടിനകത്ത് ബഹളം വെച്ചു.
അന്ന് മുതല്‍ മുട്ട കിട്ടിത്തുടങ്ങി.പക്ഷെ അപ്പോഴേക്കും കാക്കകള്‍ പണിയേറ്റെടുത്തു.
തക്കം കിട്ടിയാല്‍ മുട്ടയും കൊത്തിപറക്കും.
അവറ്റകളെ തല്ലിക്കൊല്ലാനും കിട്ടൂലല്ലോ..

*വിഴുങ്ങി കക്കിയ കുഞ്ഞുങ്ങള്‍.
*അമ്മക്കിളി.*ചത്തു മലച്ചു.
***************************************
*സെലി.വീട്ടില്‍ സഹായത്തിനു വരുന്ന സ്ത്രീ.

3 comments:

  1. ചേര പുരാണം അസ്സലായി. കുറെ കൂടി നേരത്തെ പോസ്റ്റാമായിരുന്നു.

    ReplyDelete
  2. അസ്സലായിട്ടുണ്ട്‌.കൊന്ന പടം ഇടണ്ടായിരുന്നു.

    ReplyDelete

അഭിപ്രായം പറയാം...