 |
ടെറസ്സ് കൃഷി |
ഇന്നത്തെ മാറിയ ചുറ്റുപാടില്‍ ഓരോ വീട്ടിലും ഒരു അടുക്കളത്തോട്ടം വേണമെന്ന കാര്യം അനിവാര്യമായി വന്നിരിക്കുന്നു. വിഷമയമായ ആഹാര പദാര്‍ത്ഥങ്ങള്‍ അകത്തു ചെല്ലുന്നതിനാല്‍ ഇന്ന് രോഗങ്ങള്‍ പിടി പെടാനുള്ള സാഹചര്യം വളരെ കൂടുതലാണ്. വീട്ടില്‍ കൃഷി നടത്താന്‍ സ്ഥല പരിമിതിയുള്ളവര്‍ക്കായി ഇന്നു ധാരാളം നൂതന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഉദാഹരണമായി ടെറസ്സിലും ബാല്‍ക്കണിയിലും ഗ്രോ ബാഗുകളില്‍/ചാക്കുകളില്‍ മണ്ണും മണലും /ചകിരി ചോറും ചാണകപ്പൊടി/കമ്പോസ്റ്റും നിറച്ചു കൃഷി തുടങ്ങാവുന്നതേയുള്ളൂ. സോഷ്യല്‍ മീഡിയകള്‍ക്ക് വളരെ പ്രസക്തിയുള്ള ഇക്കാലത്ത് ഇക്കാര്യം മുന്‍ നിര്‍ത്തി
അടുക്കളത്തോട്ടം എന്ന പേരില്‍ ഒരു ഗ്രൂപ്പു തന്നെ തുടങ്ങിയിട്ടുണ്ട്. കേവലം 8 മാസം പിന്നിട്ടപ്പോഴേക്കും 45,000 നു മുകളില്‍ അംഗങ്ങല്‍ ആ ഗ്രൂപ്പില്‍ ചേര്‍ന്നതു തന്നെ ഈ വിഷയത്തിന്റെ പ്രസക്തി ഉയര്‍ത്തിക്കാട്ടുന്നു. നല്ല വിത്തുകള്‍ പരസ്പരം കൈമാറാനായി
ഒരു വിത്തു ബാങ്കും പ്രവര്‍ത്തിക്കുന്നുണ്ട്. അംഗങ്ങളുടെ പക്കല്‍ അധികം വരുന്ന വിത്തുകള്‍ മറ്റു അംഗങ്ങള്‍ക്കിടയില്‍ സൊജന്യ വിതരണത്തിനായി അവര്‍ വിത്തു ബാങ്കില്‍ നിക്ഷേപിക്കുന്നു. വിത്താവശ്യമുള്ളവര് സ്വന്തം മേല്‍ വിലാസമെഴുതിയ സ്റ്റാമ്പൊട്ടിച്ച കവറുകള്‍
വിത്തു ബാങ്കി ലേക്കയക്കുന്നു. നിലവില്‍ സ്റ്റോക്കുള്ള വിത്തുകളുടെ ഒരു ലിസ്റ്റും
ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃഷി തുടങ്ങിയ ശേഷം വിളവെടുപ്പു വരെ ഉണ്ടാകാവുന്ന കീടാക്രമണങ്ങള്‍ , വളം ചെയ്യേണ്ട രീതികള്‍ ഇവയെല്ലാം പരസ്പരം ചര്‍ച്ച ചെയ്യാനും
ഗ്രൂപ്പില്‍ അവസരമുണ്ട്. എല്ലാവരും അവനവനും കുടുംബത്തിനും ആവശ്യമായ പച്ചക്കറികള്‍ സ്വയം ഉലപാദിപ്പിക്കാന്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.